Kerala
പത്തനംതിട്ട: ശബരിമല അന്നദാനത്തിന് ഇനി മുതൽ കേരള സദ്യ നൽകുമെന്ന് ദേവസ്വം ബോർഡ് പ്രസിഡന്റ് കെ.ജയകുമാർ. നേരത്തെ ഉണ്ടായിരുന്ന മെനുവിൽ ഉച്ചയ്ക്ക് പുലാവും സാമ്പാറുമായിരുന്നു. ഇത് മാറ്റി കേരളീയമായ സദ്യ കൊടുക്കുമെന്നും അദ്ദേഹം പറഞ്ഞു.
പപ്പടവും പായസവും സദ്യയിൽ ഉണ്ടാവും. അയ്യപ്പൻമാർക്ക് നല്ല ഭക്ഷണം നൽകാൻ ഭക്തജനങ്ങൾ നൽകുന്ന പണമാണ് ഉപയോഗിക്കുന്നത്. ആ പണം ഉപയോഗിച്ച് ഏറ്റവും നല്ല സദ്യ അയ്യപ്പൻമാർക്ക് നൽകും. പന്തളത്തെ അന്നദാനവും മെച്ചപ്പെടുത്തും. ശബരിമല തീർഥാടനം മെച്ചപ്പെടുത്താൻ മാസ്റ്റർ പ്ലാൻ തയാറാക്കുകയാണ്.
ഡിസംബർ 18ന് അവലോകന യോഗം ചേരും. ആദ്യ ദിവസങ്ങളിൽ ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ തീർഥാടകരുടെ വരവ് നിയന്ത്രണവിധേയമാണ്. പോലീസും ദേവസ്വവും തമ്മിലുള്ള ഏകീകരണം മെച്ചപ്പെട്ടുവെന്നും കെ. ജയകുമാർ പറഞ്ഞു.
Kerala
തിരുവനന്തപുരം: ശബരിമലയിൽ സ്പോട്ട് ബുക്കിംഗ് വഴി കൂടുതൽ പേർക്ക് ദർശനാനുമതി നൽകുമെന്ന് തിരുവിതാംകൂര് ദേവസ്വം ബോര്ഡ് പ്രസിഡന്റ് കെ.ജയകുമാര്. സ്പോട്ട് ബുക്കിംഗ് അതാത് ദിവസങ്ങളിലെ സാഹചര്യങ്ങള് നോക്കി നിജപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു.
ദേവസ്വം ബോർഡും പോലീസും ചേർന്ന് ഓരോ സമയത്തെയും തിരക്ക് വിലയിരുത്തിയാണ് സ്പോട്ട്ബുക്കിംഗ് അനുവദിക്കുന്നത്. ഞായറാഴ്ച 11516 പേരാണ് സ്പോട്ട് ബുക്കിംഗ് വഴി ദർശനത്തിനെത്തിയത്. സ്പോട്ട് ബുക്കിംഗിന്റെ എണ്ണം തീരുമാനിക്കാന് പ്രത്യേക കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്.
ഓരോ ദിവസത്തെയും തീര്ഥാടകരുടെ എണ്ണം അനുസരിച്ചായിരിക്കും സ്പോട്ട് ബുക്കിംഗ് ക്രമീകരണം ഏര്പ്പെടുത്തുക. മന്ത്രി വി.എന്.വാസവന്റെ അധ്യക്ഷതയില് ചേര്ന്ന യോഗത്തിലാണ് തീരുമാനം.
ഞായറാഴ്ച വൈകുന്നേരം ഏഴുവരെ 69295 പേർ മലചവിട്ടി. ഇതുവരെ ആകെ എത്തിയവരുടെ എണ്ണം ആറര ലക്ഷം പിന്നിട്ടെന്നും ദേവസ്വം ബോർഡ് അധികൃതർ വ്യക്തമാക്കി.